Published: 29 Oct 2018

അടുത്ത ദശകങ്ങളിൽ സ്വർണ്ണ വിപണിക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും?

What will be the forecast of gold market in the coming future?

നമ്മൾ സ്വർണ്ണം വാങ്ങുന്ന രീതിയെ സാങ്കേതികവിദ്യ മാറ്റിമറിക്കുമോ? ഈ മഞ്ഞലോഹം തുടർന്നും വിലപിടിപ്പുള്ള ഒരു അസറ്റ് ആയി മാറുമോ? കുട്ടികളുടെ ഭാവി ജീവിതത്തിനായി നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

അടുത്ത 30 വർഷത്തിൽ സ്വർണ്ണ വിപണിയിൽ എന്തൊക്കെ മാറ്റങ്ങളാണ് നടക്കുകയെന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടെങ്കിൽ, ഈ വിഷയത്തിൽ വിദഗ്ധർ എന്തൊക്കെയാണ് പറയുന്നതെന്ന് നമുക്ക് കാണാം.

സ്വർണ്ണത്തിന്റെ സാമ്പത്തിക ശാസ്ത്രവും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും പഠിക്കുന്ന വിദഗ്ധർക്ക് സ്വർണ്ണ വിപണിയുടെ പരിണാമത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. അവർ, ഖനന രീതിയിൽ വരാൻ പോകുന്ന പരിണാമം മുതൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവങ്ങൾ വരെ കണക്കിലെടുത്താണ് അഭിപ്രായ രൂപീകരണം നടത്തിയിരിക്കുന്നത്.

സാമ്പത്തിക വളർച്ച സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കും

വരും വർഷങ്ങളിൽ, അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. അതോടൊപ്പം ആളോഹരി വരുമാനവും കൂടും. ഇന്ത്യൻ സാമ്പത്തിക രംഗത്തിനുണ്ടാകാൻ പോകുന്ന അതിവേഗ വളർച്ച സ്വർണ്ണ വിപണിക്കൊരു അനുഗ്രഹമായി മാറും.

മധ്യവർഗ്ഗ പൗരന്മാരുടെ എണ്ണം വർദ്ധിക്കും, ജോലി ചെയ്യുന്ന ആളുകളുടെ ജനസംഖ്യ കൂടുകയും ചെയ്യും. ഇതൊക്കെ കാരണം, നീക്കിവയ്ക്കുന്നതിനുള്ള പണത്തിന്റെ അളവ് വർദ്ധിക്കും. ഇതോടൊപ്പം, ക്രമാനുഗതമായി, സ്വർണ്ണ ഡിമാൻഡ് ഉയരുകയും ചെയ്യും.

ഇപ്പോഴും സ്വർണ്ണ ഉപഭോഗത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ തുടരുകയാണ്. കാരണം സ്വർണ്ണത്തോടുള്ള ഇന്ത്യയുടെ സാംസ്ക്കാരിക ബന്ധത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. മേൽപ്പറഞ്ഞ സാമ്പത്തിക കുതിപ്പ് ഇന്ത്യ നടത്തുന്നതോടെ, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വളർച്ചയുടെ ചുക്കാൻ ഇന്ത്യയിലെ മധ്യവർഗ്ഗം പിടിക്കും.

വലിയ മാറ്റത്തിനാണ് സ്വർണ്ണ ഖനനവും ഉൽപ്പാദനവും സാക്ഷ്യം വഹിക്കാൻ പോകുന്നത്

കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ എടുക്കുകയാണെങ്കിൽ, സ്വർണ്ണത്തിന്റെ ഉൽപ്പാദനം ഇരട്ടിയായിട്ടുണ്ട്. എന്നിരുന്നാലും, രണ്ടായിരത്തിന് ശേഷം സ്വർണ്ണം കണ്ടെത്തുന്നതിനുള്ള ചെലവ് ക്രമാതീതമായി ഉയർന്നിട്ടുണ്ടെങ്കിലും പുതിയ സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതിന്റെ തോത് തുലോം കുറവാണ്.

സമീപ ഭാവിയിൽ സ്വർണ്ണ ഖനനത്തിൽ വലിയ മാറ്റം വരും, മെഷീൻ ഓട്ടോമേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളാണ് ഈ മാറ്റം യാഥാർത്ഥ്യമാക്കുക. അടുത്ത 30 വർഷത്തെ ഭാവി പരിശോധിക്കുകയാണെങ്കിൽ, വർദ്ധിച്ച കമ്പ്യൂട്ടിംഗ് ശേഷിയും കണക്റ്റിവിറ്റിയും സ്വർണ്ണ ഖനന പ്രക്രിയകളെ അടിമുതൽ മുടി വരെ മാറ്റും.

കുഴിയെടുത്ത് ഖനനം ചെയ്യുന്ന രീതി മാറുകയും ഭൂഗർഭ ഖനനത്തിന് പ്രാമുഖ്യം ലഭിക്കുകയും ചെയ്യും. ഓട്ടോമേഷനും സൗരോർജ്ജവും കൂടുതൽ സുസ്ഥിരമായ ഖനന - ഉൽപ്പാദന രീതികൾക്ക് വഴിപാകും.

സാങ്കേതികവിദ്യയാണ് ഭാവിയിൽ സ്വർണ്ണ നിക്ഷേപങ്ങളെ നയിക്കുക

സാങ്കേതികവിദ്യയിൽ വന്നിരിക്കുന്ന പുരോഗതികൾ ജീവിതത്തിന്റെ എല്ലാ മേഖലകളെയും മാറ്റിമറിച്ചിരിക്കുകയാണെന്ന് പറയേണ്ടതില്ലല്ലോ. സ്വർണ്ണ മേഖലയും ഇതിനൊരു അപവാദമല്ല. ഇപ്പോൾ ഡിജിറ്റൽ സ്വർണ്ണത്തിലും ഗോൾഡ് ഇടിഎഫുകളിലും (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) നിക്ഷേപിക്കുന്നതും ട്രേഡ് ചെയ്യുന്നതും സാധ്യമാണ്. ഇന്ത്യയിൽ സ്വർണ്ണം വാങ്ങുന്നതിനും വിൽക്കുന്നതിനും സമ്മാനിക്കുന്നതിനും സ്വർ ണ്ണത്തിൽ നിക്ഷേപം നടത്തുന്നതിനും നിക്ഷേപകരെ അനുവദിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ വന്നുകഴിഞ്ഞിരിക്കുന്നു.

സർക്കാരിന്റെ നിയന്ത്രണപരമായ മാറ്റങ്ങൾ, ജ്വല്ലറികളിൽ നിന്ന് സ്വർണ്ണം വാങ്ങുന്ന രീതിയിൽ നിന്ന് എക്സ്ചേഞ്ചുകൾ പോലുള്ള സുതാര്യമായ ട്രേഡിംഗ് വഴികളിലേക്ക് നിക്ഷേപകരെ നയിക്കുന്നു. മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയുള്ള സ്വർണ്ണത്തിന്റെ ലളിതമായ ട്രേഡിംഗും നിക്ഷേപ സംവിധാനങ്ങളും പുതിയ തലമുറയെയും ആകർഷിക്കും. അതിനാൽ തന്നെ നിക്ഷേപകരുടെയും സ്വർണ്ണ ഉപഭോക്താക്കളുടെയും എണ്ണവും വർദ്ധിക്കും.

സാമ്പത്തികരംഗത്ത് വീഴ്ചകളും സാമ്പത്തിക ഞെരുക്കവും ഉണ്ടാവുന്ന സാഹചര്യങ്ങളിൽ സ്വർണ്ണം ഒരു സുരക്ഷിതമായ മാർഗ്ഗമായതിനാൽ, സ്ഥിരതയും സാമ്പത്തിക വളർച്ചയും ആഗ്രഹിക്കുന്ന നിക്ഷേപകർ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് തുടരും.

ഇന്ത്യൻ ആഭരണങ്ങൾ തുടർന്നും തിളങ്ങും

ഇന്ത്യക്കാരുടെ, സ്വർണ്ണത്തിനോടുള്ള ആരാധനയ്ക്ക് ആമുഖമൊന്നും ആവശ്യമില്ല. നൂറ്റാണ്ടുകളായി വിലമതിക്കാനാവാത്ത സ്വത്തായാണ് ഇന്ത്യൻ കുടുംബങ്ങൾ സ്വർണ്ണാഭരണങ്ങളെ കണ്ടിരുന്നത്. എന്നാൽ പുതിയ തലമുറ, പഴയ തലമുറയെ പോലെയല്ല. സ്വർണ്ണം വാങ്ങാൻ വിശ്വസനീയമായ ഉറവിടങ്ങളെയാണ് പുതിയ തലമുറ ഉപയോഗപ്പെടുത്തുന്നത്. അതിനാൽ തന്നെ, ഇത്തരം ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് 'ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ മാത്രം വിൽക്കുന്ന' രീതിയിലേക്ക് കൂടുതൽ കൂടുതൽ ജ്വല്ലറികൾ മാറിക്കൊണ്ടിരിക്കുന്നു. വരും വർഷങ്ങൾ ഈ മാറ്റം കൂടുതൽ പ്രകടമാകാനാണ് സാധ്യത.

ഗ്രാമീണ ഇന്ത്യയുടെ വരുമാനവും ചെലവിടൽ ശേഷിയും വർദ്ധിച്ച് വരുന്നതിനാൽ, ഇന്ത്യയിൽ സ്വർണ്ണാഭരണ ഡിമാൻഡിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത. സ്വർണ്ണ വിപണിയിൽ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ, ഇന്ത്യൻ സ്വർണ്ണാഭരണ വിപണി ഇപ്പോൾ കൂടുതൽ സംഘടിതവും സുതാര്യവും അടുക്കും ചിട്ടയും ഉള്ളതുമായി മാറിയിരിക്കുന്നതായി കാണാം. സ്വർണ്ണത്തിന്റെ റീസൈക്ലിംഗിനും വലിയ സാധ്യതയുണ്ട്. ഏകദേശം 25,000 ടൺ സ്വർണ്ണമാണ് ഇന്ത്യയിലുള്ളത്.

വരും ദശകങ്ങളിലും സ്വർണ്ണം അംഗീകരിക്കപ്പെടുന്നതും വിലമതിക്കപ്പെടുന്നതുമായ ഒരു അസറ്റായി തുടരും, കാരണം ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ രാജ്യത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായിരുന്നു സ്വർണ്ണം. വിദഗ്ധരുടെ അഭിപ്രായത്തിൽ, സ്വർണ്ണ നിക്ഷേപ ഉൽപ്പന്നങ്ങൾ ഇനിയും വർദ്ധിക്കും, എന്നാൽ സ്വർണ്ണാഭരണങ്ങൾക്ക് അപ്പോഴും സാംസ്ക്കാരിക ചടങ്ങുകളിൽ അതിന്റെ പങ്കുണ്ടായിരിക്കും.

അതിനാൽ, സ്വർണ്ണം വാങ്ങുന്നതിലും അതിൽ നിക്ഷേപിക്കുന്നതിലും സ്വർണ്ണാഭരണങ്ങൾ അണിയുന്നതിലും, കാലക്രമത്തിൽ മാറ്റം വരുമെങ്കിലും, എല്ലാ ഇന്ത്യൻ കുടുംബങ്ങളിലും സ്വർണ്ണം തുടർന്നും തിളങ്ങും.

ലേഖന ഉറവിടം