Published: 20 Feb 2018

അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന്റെ സുവർണ കഥ

Tale of divine - Golden Temple

ഇന്ത്യയിലെ ദേവാലയങ്ങൾ, ഏത് മതക്കാരുടെ ആയാലും, വാസ്തുവിദ്യാ മികവിലും ഗാംഭീര്യത്തിലും ഒട്ടും പിന്നിലല്ല. വിശ്വാസത്തിന്റെയും ആന്തരിക സൗന്ദര്യത്തിന്റെയും ശുദ്ധിയുടെയും പ്രതിഫലനങ്ങളാണ് വാസ്തുവിദ്യാ മികവും ഗാംഭീര്യവും. ഇത്തരം ദേവാലയങ്ങളിലെ ചില നിർമ്മിതികളാകട്ടെ പൂർണ്ണമായോ ഭാഗികമായോ സ്വർണ്ണം കൊണ്ട് പണിതിട്ടുള്ളതാണ്. ഇങ്ങനെ വിലപിടിപ്പുള്ള മഞ്ഞലോഹം ഉപയോഗിച്ചിട്ടുള്ള ദേവാലയങ്ങൾ ഭക്തരെ മാത്രമല്ല വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു.

ഒരുപക്ഷേ, ഇന്ത്യയിൽ ഏറ്റവും അധികം അറിയപ്പെടുന്ന "സ്വർണ്ണ ക്ഷേത്രം" അമൃത്സറിലാണ്. സിഖ് ദേവാലയങ്ങളിൽ ഏറ്റവും വിശുദ്ധ ദേവാലയമായി പരിഗണിക്കപ്പെടുന്ന ഹർമന്ദിർ സാഹിബ് എന്ന ക്ഷേത്രം അറിയപ്പെടുന്നത് തന്നെ സുവർണ്ണ ക്ഷേത്രം എന്നാണ്.

അഞ്ചാമത്തെ സിഖ് ഗുരുവായ ശ്രീ അർജൻ ദേവ് ആണ് ഈ മനോഹരമായ ദേവാലയ സ്മാരകം നിർമ്മിച്ചത്. നാല് ദിശകളിലും ഈ ദേവായലത്തിന് പ്രവേശന കവാടമുണ്ട്. ഇതിനർത്ഥം എല്ലാ മതത്തിലും വിശ്വാസത്തിലും പെട്ടവരെയും സിഖ് മതം ക്ഷണിക്കുന്നു എന്നാണ്. ലാഹോറിൽ നിന്നുള്ള ഒരു മുസ്ലീം ഗുരുവായ ഹസ്രാത് മിയാൻ മീർ ജി ആണ് ഈ ക്ഷേത്രത്തിന് തറക്കല്ല് ഇട്ടതെന്ന് രസകരമായ സംഗതിയാണ്. ഹിന്ദു - മുസ്ലീം ശൈലികൾ സമന്വയിപ്പിച്ച് കൊണ്ടാണ് ഈ ദേവാലയം പണിതിരിക്കുന്നത്.

ഏകദേശം 14 വർഷമെടുത്ത് പണികഴിപ്പിച്ച ഈ ദേവാലയം പൂർത്തിയായത് 1604-ലാണ്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് 750 കിലോ സ്വർണ്ണം ഉപയോഗിച്ച് ഹർമന്ദിർ സാഹിബ് മന്ദിരം ആവരണം ചെയ്തത്. പഞ്ചാബിന്റെ കരുത്തുറ്റ ഭരണാധികാരികളിൽ ഒരാളായിരുന്ന മഹാരാജാ രൺജിത് സിംഗാണ് ഇത് ചെയ്തത്.

അമൃത് നിറഞ്ഞ കുളത്തിന്റെ - അതായത് അമൃത് സരസ്സിന്റെ (അമൃത്സർ) ഒത്ത നടുക്കാണ് സുവർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴയോ കാറ്റോ കുളിയോ മഞ്ഞോ വെയിലോ വന്നാലും കുലുങ്ങാതെ സുവർണ്ണ ക്ഷേത്രമങ്ങനെ നിൽക്കുന്നു. ക്ഷേത്രത്തിലുള്ളിലെ നിരവധി ഇടനാഴികളും കമാനങ്ങളും സീലിംഗുകളും വിലപിടിപ്പുള്ള ലോഹം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു ദിവസം ഏകദേശം ഒരുലക്ഷത്തിലധികം ആളുകൾ സുവർണ്ണ ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നുണ്ടെന്നാണ് കണക്ക്.