Published: 05 Sep 2017

സമുദ്രത്തിലെ സ്വർണ്ണം ആരെടുക്കും?

നൂറ്റാണ്ടുകളോളം മനുഷ്യൻ സ്വർണ്ണമന്വേഷിച്ചു ഭൂമിയുടെ ഉപരിതലം ഖനനം ചെയ്തിട്ടുണ്ട്. ആ യത്നം ഇന്നേവരെ 173,000 മെട്രിക് ടൺ സ്വർണ്ണം മനുഷ്യന് സമ്പാദിച്ചു നൽകി. ലോകമെമ്പാടും ഈ അമൂല്യ ലോഹത്തിന് ആവശ്യക്കാർ ഏറിവരുമ്പോൾ കൂടുതൽ സ്വർണ്ണമന്വേഷിച്ചുള്ള നമ്മുടെ ഉദ്യമങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മെ ആഴക്കടലുകളിൽ എത്തിച്ചേക്കാം.

നമ്മുടെ സമുദ്രങ്ങളിൽ 150 ട്രില്ല്യൻ ഡോളറിനടുത്ത് വിലവരുന്ന സ്വർണ്ണനിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനർത്ഥം, ആ സമ്പത്ത് സമമായി ഭാഗിച്ചാൽ ഭൂമിയിലുള്ള ഓരോ മനുഷ്യനും 4.5 കിലോഗ്രാം സ്വർണ്ണത്തിന്റെ ഉടമയാകാം എന്നാണ് നാഷണൽ ജിയോഗ്രാഫി പറയുന്നത്. ഇതു നമ്മെ ആവേശം കൊള്ളിക്കുന്നില്ലേ?

സമുദ്രാടിത്തട്ടിലുള്ള പാറകളിൽ അടിഞ്ഞുകൂടിയും വെള്ളത്തിൽ അലിഞ്ഞുചേർന്ന ചെറുതരികളായുമാണ് സ്വർണ്ണമിരിക്കുന്നത്. സമുദ്രജലത്തിലെ സ്വർണ്ണം വളരെയധികം സാന്ദ്രതകുറഞ്ഞ നിലയിലാണുള്ളത്. അതായത്, ഒരു ലിറ്റർ ജലത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന്റെ പതിമൂന്നു ബില്ല്യണിൽ ഒരുഭാഗം മാത്രമേയുള്ളൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, 13 ബില്ല്യൺ ലിറ്റർ സമുദ്രജലം വേണ്ടിവരും ഒരു ഗ്രാം സ്വർണ്ണം ലഭിക്കാൻ. അതൊരു കടന്നകൈയ്യായിപ്പോയി എന്നു തോന്നുന്നെങ്കിൽ, ശരിയാണ്. വാസ്തവത്തിൽ, ഇത്രയേറെ ജലത്തിൽനിന്ന് ഇത്രകുറച്ചു സ്വർണ്ണം ലഭിക്കാൻ വേണ്ടിവരുന്ന ഭാരിച്ച ചിലവു തന്നെയാണ് സമുദ്രത്തിലെ സ്വർണ്ണത്തിനായുള്ള പരക്കംപാച്ചിൽ ഇല്ലാതിരിക്കാനുളള പ്രഥമകാരണങ്ങളിലൊന്ന്. അതിനർത്ഥം നാം അതിന് ശ്രമിച്ചിട്ടില്ല എന്നല്ല.

ജർമ്മൻ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് ഹാബർ ഒന്നാം ലോകമഹായുദ്ധം കടക്കെണിയിലാഴ്ത്തിയ തന്റെ രാജ്യത്തിനോട് പറഞ്ഞത് ഒരു കൂറ്റൻ വേർതിരിക്കൽ യന്ത്രം ഉപയോഗിച്ച് ജലത്തിലെ സ്വർണ്ണമെടുക്കാനായിരുന്നു. എന്നാൽ, അങ്ങനെയൊരു യന്ത്രം ചലിപ്പിക്കാൻ ആവശ്യമായ വലിയ ഊർജ്ജവും ആ യന്ത്രത്തിലൂടെ കടത്തിവിടേണ്ട സമുദ്രജലത്തിന്റെ അളവും ഈ പ്രക്രിയയെ അങ്ങേയറ്റം അപ്രായോഗികവും സാമ്പത്തികമായി അസാധ്യവുമാക്കുന്നു.

മറ്റൊരു ശാസ്ത്രജ്ഞൻ, ഇന്ത്യാക്കാരനും ചെന്നൈ നിവാസിയുമായ ജോയ് പ്രകാശ് അഗർവാൾ കണ്ടുപിടിച്ചത് ഇളകാനാവാത്തവിധം ഉറപ്പിച്ച ഒരുതരം അരിപ്പകൊണ്ട് (ഇമോബിലൈസ്ഡ് ലിക്വിഡ് മെമ്പ്രെയിൻ) സ്വർണ്ണം അരിച്ചെടുക്കാമെന്നായിരുന്നു. നിലവിൽ മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുള്ള എല്ലാ മാർഗ്ഗങ്ങളേക്കാളും പകുതി ചിലവിൽ ഇതു സാധ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒരുപക്ഷേ, സമുദ്രത്തിൽ നിന്ന് സ്വർണ്ണം ലഭിക്കുമെന്ന ഈയടുത്തകാലത്തെ ഏറ്റവും പ്രസിദ്ധമായ അവകാശവാദം നടത്തിയത് ബയോമെടിക്കൽ എൻജിനീയറും ഇൻവെന്ററുമായ മാർക്ക് സുള്ളിവൻ ആണ്. വിഖ്യാതമായ അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ഷാർക്ക് ടാങ്കിൽ താൻ രൂപകൽപ്പചെയ്ത, ഭൂമിയുടെ കറക്കവുമായി ബന്ധപ്പെട്ട കൊറിയോളിസ് ഇഫക്ട് ഉപയോഗിച്ച് ഊർജ്ജമുത്പാദിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു എൻജിൻ അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. സമുദ്രത്തിൽ ആ വിദ്യുത്പാദകയന്ത്രം കറങ്ങുന്നതിന്റെ ഉപോൽപ്പന്നമായി ജലത്തിലെ സ്വർണ്ണത്തരികൾ അരിച്ചെടുക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

കൂടുതൽ കൂടുതൽ ഗവേഷകരും ശാസ്ത്രജ്ഞരും സർക്കാരുകളും ആഴക്കടലിൽ ഒളിഞ്ഞിരിക്കുന്ന മുല്യത്തെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോൾ, മഹാസമുദ്രങ്ങളിൽ നിന്ന് സ്വർണ്ണം അരിച്ചെടുക്കാനുള്ള ശ്രമങ്ങൾ വർദ്ധിക്കാനെ സാധ്യതയുള്ളു.