Published: 28 Oct 2021

സ്വർണ്ണാഭരണങ്ങൾ: സുസ്ഥിരമായ ഒരു ഫാഷൻ തിരഞ്ഞെടുപ്പ്

woman wearing gold jewellery

സുസ്ഥിരതയുടെയും പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പുകളുടെയും  പ്രാധാന്യം മുമ്പെന്നത്തേക്കാളും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഉപഭോക്താക്കള്‍  സ്ലോ ഫാഷനിലേക്കും സർക്കുലറിറ്റിയിലേക്കും മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ, റീട്ടെയിൽ വ്യവസായത്തിൽ ഇത് ഏറെ പ്രസക്തമാണ്. ഉത്തരവാദിത്തപൂര്‍ണമായ റീട്ടെയിൽ വിൽപനയെയും, ശ്രദ്ധയോടെയുള്ള വാങ്ങലുകള്ലെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കെല്ലാം ഇടയിലും,  സുസ്ഥിരമായി നിലനിൽക്കുന്ന ഒരു ഫാഷൻ ചോയ്സ് ആണ് സ്വർണ്ണാഭരണങ്ങള്‍.

സ്വർണ്ണാഭരണങ്ങൾ: സ്മാർട്ട്, സുസ്ഥിരം

സുസ്ഥിരതയുടെ (sustainability) ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്നത്തെ ഷോപ്പര്‍മാര്‍ക്ക് മടികൂടാതെ പരിഗണിക്കാവുന്ന ഫാഷന്‍ തെരഞ്ഞെടുപ്പാണ് സ്വര്‍ണ്ണാഭരണങ്ങള്‍.  അത് എക്കാലത്തും നിലനിൽക്കുന്ന ഒന്നാണ്. നിങ്ങൾ ഒരു സ്റ്റൈലിഷ് സ്വർണ്ണ കമ്മലിനോ ബ്രേസ്‍ലെ‍റ്റിനോ വേണ്ടി പണം മുടക്കുമ്പോള്‍ അത് ജീവിതകാലത്തിനു മൊത്തമായി ഉള്ളതാണ്. സ്വർണ്ണം എളുപ്പത്തിൽ ക്ലാവു പിടിക്കുകയോ നിറം മങ്ങുകയോ ചെയ്യുന്നില്ല. പ്രതിപ്രവർത്തനം ഏറ്റവും കുറഞ്ഞ മൂലകങ്ങളിലൊന്നാണ് എന്നതിനാല്‍, സ്വർണ്ണത്തിന് കാലക്രമേണ തേയ്മാനം സംഭവിക്കുകയോ തുരുമ്പെടുക്കുകയോ മനോഹാരിത നഷ്ടപ്പെടുകയോ ഇല്ല. വാസ്തവത്തിൽ, കാലാതീതമായ ഒരു സ്വർണ്ണാഭരണത്തില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്കായി ഒരു പൈതൃകം സൃഷ്ടിക്കുന്നതു പോലെയാണ്. മറ്റുള്ള മിക്ക ഫാഷൻ വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി, സ്വര്‍ണാഭരണത്തിന്‍റെ മൂല്യം കാലക്രമേണ ഗണ്യമായി വർദ്ധിക്കുകയാണ്. പലപ്പോഴും, അത് പാരമ്പര്യത്തിന്‍റെ അടയാളമായി മാറുന്നു.

പുനരുപയോഗം, പുതിയ ആവശ്യകതകള്‍, പുതുക്കൽ

gold jewellery

സ്വർണ്ണാഭരണങ്ങളില്‍ വളരേ കുറച്ചു മാത്രമാണ് പാഴായിപ്പോകുന്നത്. ജ്വല്ലറി റീട്ടെയിലർമാർ പുതിയ സ്വര്‍ണ ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി പഴയ ആഭരണങ്ങള്‍, സ്വര്‍ണ്ണ വസ്തുക്കൾ, സ്വര്‍ണ്ണത്തിന്‍റെ പൊട്ടും പൊടിയും എല്ലാം സ്വീകരിക്കുന്നു. അല്ലെങ്കില്‍, നിങ്ങള്‍ക്ക് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി പുതിയതും സമകാലികവുമായ ഡിസൈനിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാം. നൊസ്റ്റാൾജിയ ഉണർത്തുന്നതും അല്ലെങ്കിൽ വൈകാരിക മൂല്യമുള്ളതുമായ ആഭരണങ്ങൾക്ക് ഇത് ഏറെ അനുയോജ്യമാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ഏറെ വിലകല്‍പ്പിക്കുന്ന പൂര്‍വിക മഹിമയുള്ള ഒരു പഴയ മോതിരം നിങ്ങളുടെ ഇഷ്ടത്തിന് പുതിയ ഡിസൈനിലേക്ക് മാറ്റിയെടുക്കാം. നിങ്ങളുടെ ഒരു കുടുംബാംഗം കൈമാറി നല്‍കിയ കമ്മലുകളില്‍ പൊട്ടലുണ്ടെന്ന് കരുതുക, അതും ഇത്തരത്തില്‍ ശരിയാക്കാവുന്നതാണ്. അനന്തമായി പുനർനിർമിക്കാമെന്നതും മൂല്യം കുറയാതെ തലമുറകളോളം കൈമാറാമെന്നതുമാണ് സ്വർണ്ണ ആഭരണങ്ങളുടെ യഥാര്‍ത്ഥ സൗന്ദര്യം.

സമകാലികം, ക്ലാസിക്, നിത്യഹരിതം

Woman wearing gold jewellery

ജ്വല്ലറി ക്രെഡിറ്റുകൾ: പൂനം സോണി ബ്രാൻഡ് തയ്യാറാക്കിയത്

സ്വർണ്ണാഭരണങ്ങൾ പ്രത്യേക അവസരങ്ങൾക്കോ വിവാഹങ്ങൾക്കോ മാത്രമുള്ളതാണെന്ന മിഥ്യാധാരണയെ പാടെ ഇല്ലാതാക്കുന്നതാണ്   സ്വർണത്തിലെ സമകാലിക ഡിസൈനുകൾ. ആധുനിക ആഭരണ ഡിസൈന്‍  രീതികള്‍ ലളിതവും ക്ലാസിയുമായ ലുക്കിനെ പൂർണ്ണതയിൽ എത്തിക്കുന്നു. ഇതിന്‍റെ ഉദാഹരണങ്ങളായി ജന്മനക്ഷത്ര പെൻഡന്‍റ് സെറ്റുകൾ, സ്വർണ്ണത്തിൽ സജ്ജീകരിച്ച ഭാരം കുറഞ്ഞ മുത്ത് കമ്മലുകൾ, അതിലോലമായ ബ്രേസ്‍ലെറ്റുകൾ, സ്റ്റേറ്റ്‌മെന്‍റ് വളകൾ എന്നിവയെല്ലാം നമുക്കു മുന്നിലുണ്ട്. മാറ്റ്, സാറ്റിൻ, ഹാമേർഡ്, സാൻഡ്ബ്ലാസ്റ്റഡ്, റോസ് ഗോൾഡ് എന്നിങ്ങനെ സ്വര്‍ണാഭരണങ്ങളിലുള്ള വൈവിധ്യമാർന്ന ഫിനിഷുകൾ ഉപഭോക്താക്കള്‍ക്ക് നിരവധി ഓപ്ഷനുകൾ സമ്മാനിക്കുന്നു.

ആഭരണ രൂപകൽപ്പനയിലെ നൂതനാവിഷ്കാരം

Woman wearing gold jewellery

ജ്വല്ലറി ക്രെഡിറ്റുകൾ: പൂനം സോണി ബ്രാൻഡ് തയ്യാറാക്കിയത്

ആഭരണ ഡിസൈനിംഗിലെ നൂതനമായൊരു സമീപനമാണ് ഡിറ്റാച്ചബിള്‍ അഥവാ ചെയ്ഞ്ചബിള്‍ ജ്വല്ലറി ഡിസൈന്‍. നിങ്ങൾക്ക് ഒരു ആഭരണത്തെ തന്നെ പല തരത്തിൽ സ്റ്റൈൽ ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. നെക്ക്പീസുകൾ, ലോക്കറ്റുകൾ, കമ്മലുകൾ എന്നിവയിലെ ഡിറ്റാച്ചബിള്‍ സെറ്റിംഗ്സ് പ്രയോജനപ്പെടുത്തി, കല്ലുകളോ തൊങ്ങലുകളോ മാറ്റിക്കൊണ്ട് അവയുടെ ലുക്ക് വ്യത്യാസപ്പെടുത്താം. അങ്ങനെ, അവ ധരിക്കുമ്പോഴെല്ലാം സന്ദര്‍ഭത്തിന് അനുസരിച്ച് പുതിയ ലുക്ക് നേടാം. ഉദാഹരണത്തിന്, നീണ്ട മാലകളെ ചോക്കറുകളായി മാറ്റാം, അതുപോലെ ഹാത്ത്-ഫൂലുകളില്‍ (haath-phools) നിന്ന് മോതിരങ്ങളും ബ്രേസ്‍ലെറ്റുകളും എടുക്കാം. 

ഫാസ്റ്റ് ഫാഷനുള്ള പ്രതിവിധി

Woman wearing gold jewellery

ജ്വല്ലറി ക്രെഡിറ്റുകൾ: പൂനം സോണി ബ്രാൻഡ് തയ്യാറാക്കിയത്

ഫാഷൻ ആക്‌സസറികൾക്കോ കോസ്റ്റ്യൂം ആഭരണങ്ങൾക്കോ അതിന്‍റെ ട്രെന്‍ഡ് കഴിയുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉപേക്ഷിക്കപ്പെട്ട ഫാഷൻ ആഭരണങ്ങൾ വളരെക്കാലത്തിന് ശേഷം മാത്രമേ ക്ഷയിച്ച് മണ്ണിനോട് ചേരുകയുള്ളൂ.  ഇതില്‍ നിന്ന് വ്യത്യസ്തമാണ്, സാർവത്രികവും കാലാതീതവുമായ ആകർഷണമുള്ള സ്വര്‍ണാഭരണങ്ങളുടെ കാര്യം. ഈടുറ്റതും, പ്രകൃതിയോട് ഉത്തരവാദിത്തമുള്ളതും, എന്നാൽ ഫാഷനബിളുമായ ബദലാണ് സ്വര്‍ണാഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. സ്വർണ്ണം കൂടുതൽ ചെലവേറിയതാണ്; പക്ഷേ നിങ്ങൾ അവ വാങ്ങുകയല്ല, ജീവിതകാലത്തേക്ക് മുഴുവനായി അതിൽ നിക്ഷേപിക്കുകയാണ്. സ്വർണ്ണത്തിന് വ്യത്യസ്ത ലുക്കുകളുമായി ചേര്‍ന്നുപോകുന്നതിനുള്ള കഴിവുമുണ്ട്. അതിനാൽ, ഒരു ആഭരണം വീണ്ടും ധരിക്കേണ്ടി വരുന്നതില്‍ നിങ്ങൾ വിഷമിക്കേണ്ടതില്ല.

പരമ്പരാഗത വൈദഗ്ദ്ധ്യത്തില്‍ കൈകൊണ്ട് തയാറാക്കിയത്

traditional jewellery craftmanship

Jewellery Credits: Govind MS Jewellers & Manufacturers, Jaipur
Contact No. 097999 98981

പരമ്പരാഗത ആഭരണങ്ങൾ ഏറെ പരിശ്രമത്തോടെ കൈകൊണ്ട് നിർമ്മിച്ചെടുക്കുന്നവയാണ്. ഫിലിഗ്രി, റാവ, നഖശി, കുന്ദൻ, മീനകരി, തേവ തുടങ്ങി ഏറെ പഴക്കമുള്ള കരകൗശല രീതികൾ ഉപയോഗിച്ചാണ് ഇത്തരം ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.  വിവാഹ ആഭരണ ഷോപ്പിംഗുകളില്‍ മിക്കപ്പോഴും മുക്കുത്തിയായോ അരപ്പട്ടയായോ ഈ പാരമ്പര്യ ശൈലികളുടെ ഒരു ഘടകമെങ്കിലും ഉൾക്കൊള്ളുന്നു. നിരവധി കരകൗശലത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പിന്തുണ കൂടിയാണിത്.  സവിശേഷമായ ഈ കരകൗശല പാരമ്പര്യവും ഈ കലയും  ഇപ്പോഴും സജീവമായി നിലകൊള്ളുന്നുണ്ട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കലയ്ക്ക് ആധുനികവും നാഗരികവുമായ ട്വിസ്റ്റ് നൽകിയ എണ്ണമറ്റ ജ്വല്ലറി ഡിസൈനർമാർക്കാണ് ഇതില്‍ നന്ദി പറയേണ്ടത്.

കാലാതീതമായ വൈവിധ്യം

Woman wearing gold jewellery

ജ്വല്ലറി ക്രെഡിറ്റുകൾ: പൂനം സോണി ബ്രാൻഡ് തയ്യാറാക്കിയത്

സ്വർണ്ണാഭരണം എന്നത് ഒരു ആക്സസറി മാത്രമല്ല. ട്രെൻഡുകൾ മാറിമറിഞ്ഞാലും ആഡംബരം, വൈകാരികത, പാരമ്പര്യം, പൈതൃകം എന്നിങ്ങനെ പല രൂപങ്ങളിൽ സ്വര്‍ണാഭരണങ്ങള്‍ പ്രസക്തമാകുന്നു. നിങ്ങള്‍ക്ക്, ധാരാളിത്തവും പ്രൗഢിയുമുള്ള ഒരു ആഭരണം സ്വന്തമാക്കാം; അല്ലെങ്കിൽ, ചെയിനും കമ്മലും മാത്രമായി തെരഞ്ഞെടുത്ത് ലാളിത്യം പ്രകടമാക്കാം. എന്തു തന്നെയായാലും, കൂടുതല്‍ ക്ലാസിയും സുസ്ഥിരവുമായ നിങ്ങളുടെ ആഭരണ ശേഖരണത്തിലേക്കുള്ള ഏറെ സുസ്ഥിരവും മൂല്യം നിലനിര്‍ത്തുന്നതുമായ ഒരു തെരഞ്ഞെടുപ്പാണ് സ്വര്‍ണം.