Published: 01 Nov 2019

ഒരു നിക്ഷേപമെന്നനിലയിൽ സ്വർണം എന്തുകൊണ്ട് അർത്ഥവത്താകുന്നു എന്ന് സാമ്പത്തികശാസ്ത്രജ്ഞൻ വിവേക് കൗൾ

Vivek Kaul

Economist & Author

“നിങ്ങൾ സ്വർണം വാങ്ങേണ്ടതുണ്ടോ?”

ദന്തേരസും ദീവാലിയും കടന്നുപോയിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും, മുകളിൽ പറഞ്ഞ തലക്കെട്ടുള്ള സ്റ്റോറികൾ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്ന വർഷത്തിലെ സമയമാണത്.

എന്നാൽ ഈ സ്റ്റോറികൾ മതപരവും ആഘോഷപരവുമായ ഒരു വീക്ഷണകോണിൽ നിന്നു മാത്രമേ സ്വണ്ണത്തെ നോക്കിക്കാണുന്നുള്ളൂ. പണം നിക്ഷേപിക്കുന്നതിന്റെ ഏറ്റവും അടിസ്ഥാന നിയമങ്ങളിലൊന്ന് ആസ്തിയുടെ വിന്യാസമാണ്. ഒരു നിക്ഷേപകന് എടുക്കാൻ കഴിയുന്ന റിസ്കിന്റെ തോതനുസരിച്ച് അവനോ അവളോ നിക്ഷേപങ്ങളെ വിവിധതരം ആസ്തികളിൽ വ്യാപിപ്പിക്കേണ്ടതുണ്ട്.

ഇതിനുള്ള കാരണം വളരെ ലളിതമാണ്. നമ്മൾ ഈസി മണിയുടെ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തരഫലമായി പാശ്ചാത്യരാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫെഡറൽ റിസേർവ്വിന്റെ നേതൃത്വത്തിൽ ക്വാൻട്ടിറ്റേറ്റിവ് ഈസിങ് (ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക) തുടങ്ങിവെച്ചു.

സമ്പദ്വ്യവസ്ഥയെ പണംകൊണ്ടു നിറയ്ക്കുക, പലിശനിരക്കുകൾ കുറയ്ക്കുക, ജനങ്ങളെ കടമെടുക്കാനും പണം ചെലവഴിക്കാനും പ്രേരിപ്പിക്കുക, കോർപറേറ്റുകളെ വായ്പകളെടുപ്പിച്ച് വിപുലീകരണത്തിന് പ്രേരിപ്പിക്കുക എന്നിവയെല്ലാമായിരുന്നു ആശയം. ഇത് ബിസിനസ് സംരംഭങ്ങളെ സഹായിക്കുകയും സാമ്പത്തിക വളർച്ച തിരികെ കൊണ്ടുവരികയും ചെയ്തേക്കും.

പാശ്ചാത്യലോകത്തെ ജനങ്ങൾ ഒരു അമിതമായ കടംവാങ്ങൽ വൃത്തത്തിൽ നിന്ന് അപ്പോഴേക്കും പുറത്തുവരികയായിരുന്നു.

അതിനാൽ, അവർ കൂടുതൽ കടംവാങ്ങാൻ യഥാർത്ഥത്തിൽ തല്പരരായിരുന്നില്ല, കുറഞ്ഞപക്ഷം സാമ്പത്തിക മാന്ദ്യത്തിന് തൊട്ടുപിന്നാലെയെങ്കിലും. കമ്പനികൾ, നേരേമറിച്ച്, ഈ ഈസി മണി കാലഘട്ടത്തെ വായ്പയെടുത്ത് ഓഹരികൾ തിരിച്ചുവാങ്ങുന്നതിനായി ഉപയോഗിച്ചു.

കമ്പനികൾ ഓഹരികൾ തിരിച്ചുവാങ്ങി തീർക്കുപ്പോൾ ഓരോ ഓഹരിയിൽ നിന്നുമുള്ള വരുമാനം വർദ്ധിക്കുന്നതിനാൽ ഓഹരിവിലകൾ ഉയർന്നു.

ഇതിലുപരിയായി, വലിയ സ്ഥാപന നിക്ഷേപകർ കുറഞ്ഞ പലിശനിരക്കിൽ വായ്പെയടുത്ത് ലോകമെമ്പാടുമുള്ള ധനവിപണികളിൽ നിക്ഷേപിച്ചു. കമ്പനിവരുമാനം കുറവായിരുന്നെങ്കിലും പല ഓഹരിവിപണികളും പ്രധാനമായും ഈ പണം കാരണം പ്രവർത്തനനിരതമായി തുടർന്നു.

പലിശനിരക്കുകൾ കുറയുമെന്നും ഉപഭോഗവും നിക്ഷേപവും സാമ്പത്തിക വളർച്ചയും കുടുമെന്നുമുള്ള പ്രതീക്ഷയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യൻ സെന്ററൽ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാൻ എന്നിവയും വർഷംതോറും പണം അച്ചടിച്ച് സമ്പദ്വ്യവസ്ഥയെ നിറച്ചു കൊണ്ടിരിന്നു.

ക്വാൻട്ടിറ്റേറ്റിവ് ഈസിങ് പാശ്ചാത്യലോകത്ത് സാമ്പത്തിക വളർച്ച ഉയർത്താൻ സഹായിക്കുക തന്നെ ചെയ്തു. 2016 അവസാനം, ഫെഡറൽ റിസേർവ്വ് അത് അച്ചടിച്ചിട്ടുണ്ടായിരുന്ന മുഴുവൻ പണവും സമ്പദ്വ്യവസ്ഥയിലേക്ക് തള്ളാൻ തീരുമാനിക്കുകയും അതാരംഭിക്കുകയും ചെയ്തു.

എന്നാൽ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഉത്കണ്ഠകളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിരുദ്ധ സ്വഭാവവും നിമിത്തം അച്ചടിച്ച പണം വ്യാപകമാക്കുന്ന ഫെഡറൽ റിസേർവ്വിന്റെ നയം നിർത്തലാക്കുന്നതിൽ കലാശിച്ചു.

വാസ്തവത്തിൽ, ഫെഡറൽ റിസേർവ്വ് ഇപ്പോൾ ഒരോ മാസവും 60 ബില്യൺ ഡോളർ അച്ചടിച്ച് സമ്പദ്വ്യവസ്ഥയിലേക്ക് പമ്പ് ചെയ്യാൻ പദ്ധതിയിടുന്നു. ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകളുടെ അജണ്ട നിശ്ചയിക്കുന്നത് ഫെഡറൽ റിസേർവ്വാണ്, അതിനാൽ മറ്റു കേന്ദ്രബാങ്കുകളും വരും ദിവസങ്ങളിൽ പണം അച്ചടിക്കൽ ആരംഭിച്ച് ആഗോളതലത്തിൽ ഈസി മണിയുടെ മറ്റൊരു കാലഘട്ടം അഴിച്ചുവിടുന്നെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല

ഈസി മണിയ്ക്ക് എതിരായുള്ളതാണ് സ്വർണമെന്നത് ഇവിടെ ഓർക്കുന്നത് ഉചിതമായിരിക്കും. ആ സ്ഥിതിക്ക്, സ്വർണം ഡോളർ അടിസ്ഥാനത്തിൽ 16 ശതമാനത്തിന് അല്പം മുകളിലായി ഇതിനകം തന്നെ ഈ വർഷം ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞിട്ടുണ്ട് (സെപ്തംബർ 30 വരെ). ഡോളറിന് എതിരെ രൂപയുടെ മൂല്യത്തിന് കുറവു വന്നതിനാൽ രൂപയുടെ അടിസ്ഥാനത്തിൽ വരവ് 19 ശതമാനത്തിന് അടുത്തായിട്ടുണ്ട് (ഇന്ത്യൻ ബുള്ളിയന്റെയും ജ്വല്ലേഴ്സ് അസോസിയേഷന്റെയും കണക്കുകൾ പ്രകാരം) ഇത് നമ്മോടു പറയുന്നത്, ഫെഡറൽ റിസേർവ്വ് ഈ വർഷം ആദ്യമുതൽ പണം അച്ചടിക്കുന്നതിലേക്ക് തിരിച്ചുപോകുന്നു എന്ന കാര്യം നിക്ഷേപകർ ഇതിനകം തന്നെ പരിഗണനയിലെടുക്കുകയായിരുന്നു എന്നാണ്

ഈസി മണി നയത്തോടൊപ്പം നാം കണക്കിലെടുക്കേണ്ട മറ്റൊരു അന്താരാഷ്ട്ര ബൃഹത് സാമ്പത്തിക ഘടകം ചൈനയും അമേരിക്കയും തമ്മിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര വാണിജ്യയുദ്ധമാണ്. ഈ രംഗത്ത് കാര്യങ്ങൾ കൂടുതൽ വഷളായാൽ സ്വർണവില ഇനിയും ഉയർന്നേക്കാം.

2018-ൽ ചൈനയുടെ ഇറക്കുമതി ബില്ല് 1.7 ട്രില്ല്യൺ ഡോളറായിരുന്നു. ഈ വ്യാപാരത്തിന്റെ ഭൂരിഭാഗവും ഡോളറിലാണ് നടന്നിരിക്കുന്നത്. വരും വർഷങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ചൈനീസ് ഇറക്കുമതികൾക്കു മേൽ തീരുവകൾ ചുമത്തുന്നത് തുടർന്നാൽ, ചൈനയ്ക്ക് മാറ്റക്കച്ചവടം ആരംഭിക്കാൻ അതിന്റെ വ്യാപാര പങ്കാളികളെ സ്വാധീനിക്കാനാകും.

ഇത് ഇന്ത്യ ഇറാനിൽ നിന്ന് രൂപ കൊടുത്ത് എണ്ണം വാങ്ങുന്നതും ഇറാൻ ആ രൂപകൊണ്ട് ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതും പോലെയാണ്. ഇതേ രീതിയിൽ, ചൈനയ്ക്ക് ബ്രസീലിന് യുവാനിൽ പണം അടയ്ക്കാനും ബ്രസീലിന് ആ യുവാൻ കൊണ്ട് ചൈനയിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമാകും.

വിശാലമായ അർത്ഥത്തിൽ പറയുകയാണെങ്കിൽ, ട്രംപ് ചൈനയോട് ഇപ്പോൾ പെരുമാറുന്നതുപോലെ തുടർന്നാൽ, ചൈന അതിന്റെ വ്യാപാരം ഡോളറിൽ നിന്ന് അകറ്റിമാറ്റാനുള്ള നല്ല കാരണമാകും.

എന്തെല്ലാമായാലും, ഡോളറാണ് യു.എസിന് ഇത്രയേറെ പ്രത്യേകാനുകൂല്യം നൽകുന്നത്; ലോകത്തെ മറ്റെല്ലാ രാജ്യങ്ങൾക്കും ഈ ഡോളറുകൾ നേടേണ്ടതുള്ളപ്പോൾ യു.എസിന് അവ അച്ചടിക്കുകയേ വേണ്ടു. ഈ ഭീമമായ പ്രത്യേകാനുകൂല്യം കളഞ്ഞുകുളിക്കാൻ ട്രംപ് തയ്യാറാണോ എന്നതാണ് ചോദ്യം? നിക്ഷേപകർക്കിടിയാൽ ഇതുമായി ബന്ധപ്പെട്ട് വലിയ ഭയം നിലനിൽക്കുന്നുണ്ട്. അതിനദ്ദേഹം തയ്യാറാവുകയാണെങ്കിൽ, സ്വർണവിലകൾ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യം കൈവരിക്കും.

ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ, സമ്പദ്ഘടന മോശം നില തുടർന്നുകൊണ്ടേയിരിക്കുകയാണ്, ഇത് ഓഹരി വിപണിയിലെ മോശം പ്രകടനത്തിന് ഒരു വലിയ തടയാകാൻ സ്വർണത്തെ പ്രാപ്തമാക്കുന്നു. കൂടാതെ, ഇന്ത്യയിലെ ചരക്കു കയറ്റുമതി, പ്രധാനമായും വളർച്ച സൃഷ്ടിക്കുന്ന, കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന കയറ്റുമതി, തകർച്ചയിലാണ്. യു.എസ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ ഉറച്ച മൂല്യമായിരുന്നു ഇതിനൊരു കാരണം. ആ ഘടകം കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ രൂപയ്ക്ക് ഡോളറിനെതിരെ മൂല്യം നഷ്ടപ്പെടുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. കൂടുതൽ ദുർബ്ബലമായ രൂപ ഹൃസ്വകാലാടിസ്ഥാനത്തിൽ സ്വർണത്തിന്റെ രൂപയിലുള്ള ആദായം വർദ്ധിപ്പിക്കും.

ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, ഓരോ നിക്ഷേപകനും തന്റെ നിക്ഷേപസഞ്ചയത്തിൽ 10-15% സ്വർണമാക്കുന്നത് അർത്ഥവത്താണ്. ഏതൊരു നിക്ഷേപത്തെയും പോലെ തീർച്ചയായും നിങ്ങളുടെ മുഴുവൻ പണവും സ്വർണത്തിൽ ഇടരുതെന്നുള്ളത് പ്രധാനമാണ്, എന്നാൽ അതിന്റെ ഒരു ഭാഗം നിക്ഷേപിക്കാം, അപ്പോൾ കഠിന സമയങ്ങളിൽ പോലും നിക്ഷേപസഞ്ചയത്തിൽ നിന്നുള്ള മൊത്തം ആദായം സുസ്ഥിരമായി നിലനിൽക്കും.

വിവേക് കൗൾ ഈസി മണി പുസ്തകത്രയത്തിന്റെ രചയിതാവാണ്.