Published: 20 Feb 2018

ഭക്ഷണത്തിൽ സ്വർണ്ണം

Edible gold & its role in modern cuisine

ഭക്ഷണക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ത്യക്കാർ. പലപ്പോഴും നമ്മൾ അതിയായ ശ്രദ്ധ തന്നെ ചെലുത്തുന്നു! പുരാതനകാലം മുതൽക്കേ വിശിഷ്ടഭോജ്യങ്ങൾ സ്വർണ്ണമോ വെള്ളിയോ കൊണ്ടുള്ള നേർത്ത തകിട് കൊണ്ട് മൂടി അലങ്കരിക്കുന്ന സമ്പ്രദായമുണ്ട്. ഇതിനെ 'വരക്' എന്നാണ് വിളിക്കുക.

ബയോളജിക്കലായി നിഷ്ക്രിയമായ ലോഹമായി കണക്കാക്കപ്പെടുന്നതാണ് സ്വർണ്ണം. നമ്മൾ സ്വർണ്ണം കഴിച്ചാലും, ദഹിക്കാതെ വിസർജ്ജിക്കപ്പെടും. എന്നാൽ നാം ഉപയോഗിക്കുന്ന സ്വർണ്ണം ശുദ്ധസ്വർണ്ണം ആയിരിക്കണമെന്ന് മാത്രം. അതായത് 22-24 കാരറ്റുള്ള സ്വർണ്ണമാണ് നാം കഴിക്കേണ്ടതെന്ന് സാരം. സ്വർണ്ണത്തിന്റെ കാരറ്റ് കുറയുന്തോറും അതിന് അശുദ്ധി കൂടുന്നു. ഇത്തരം സ്വർണ്ണം കഴിക്കുന്നത് സുരക്ഷിതമല്ല. കഴിക്കാൻ ഉദ്ദേശിച്ചാണ് നിങ്ങൾ സ്വർണ്ണം വാങ്ങുന്നതെങ്കിൽ അതിൽ 'എഡിബിൾ' (ഭക്ഷിക്കാവുന്നത്) എന്ന ലേബൽ കാണും. അത്തരം സ്വർണ്ണത്തിന് 22-24 കാരറ്റ് ഉണ്ടായിരിക്കുകയും ചെയ്യും.

കഴിക്കാനായി 10 ഗ്രാം സ്വർണ്ണം വാങ്ങുകയാണെന്ന് കരുതുക. ഏകദേശം 30,000 രൂപ നൽകേണ്ടി വരും. എല്ലാവർക്കും ഇതിന് സാധിക്കില്ലെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ഇത്തരം സ്വർണ്ണം പാളികൾ അല്ലെങ്കിൽ ഇലയുടെ രൂപത്തിലാണ് വരുന്നത്. സ്വർണ്ണം അടിച്ച് പരത്തിയാണ് ഇതുണ്ടാക്കുന്നത്. അതിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിന് ഗ്രീസ് പുരളാത്ത പേപ്പറിൽ അത് പൊതിയുന്നു. ശുദ്ധസ്വർണ്ണത്തിന് ഒരു രുചിയും ഉണ്ടാകില്ല. ആഢംബരത്തിന്റെ അവസാന വക്കായാണ് സ്വർണ്ണം കൊണ്ട് പൊതിഞ്ഞ ഭക്ഷണം കണക്കാക്കപ്പെടുന്നത്. ഈ ആഢംബര ഭക്ഷണത്തിന് രുചിയും ടെക്സ്ച്വറുമില്ല എന്നും ഭക്ഷണത്തിനൊരു മൂല്യവും ഇതിനാൽ കൂടില്ല എന്നതും ശ്രദ്ധേയമാണ്.

പുതിയ ട്രെൻഡൊന്നും അല്ല സ്വർണ്ണം ചേർത്ത ഭക്ഷണം. പുരാതനകാലം മുതൽക്കേ ഈ രീതി ഈജിപ്തുകാർക്ക് ഇടയിലുണ്ട്. പുരാതനകാലത്ത് ഫറവോമാരുടെ കല്ലറകൾ അലങ്കരിക്കാൻ സ്വർണ്ണ ഇലകൾ ഉപയോഗിച്ചിരുന്നു. കാരണം ഈജിപ്തുകാർ സ്വർണ്ണ ഇലകളെ കണ്ടിരുന്നത് വിശുദ്ധ ഭക്ഷണമായിട്ടാണ്. സ്വർണ്ണ ഭക്ഷണം കഴിച്ചാൽ ദൈവങ്ങൾക്ക് തുല്യരാകാം എന്നവർ കരുതി. അലക്സാൻഡ്രിയയിലാണ് ഈ സമ്പ്രദായം ആദ്യം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 5000 വർഷങ്ങൾക്ക് മുമ്പാണ് ഈ സമ്പ്രദായം ഉത്ഭവിച്ചത്.

ഇന്ന് സാഹചര്യം മാറി. ശുദ്ധസ്വർണ്ണത്തിന്റെ ബയോളജിക്കലായ നിഷ്ക്രിയതയെ കുറിച്ച് എല്ലാവർക്കും ഇന്ന് ധാരണയുണ്ട്. എന്നാൽ ആഢംബരം കാണിക്കാൻ വിശിഷ്ടഭോജ്യങ്ങളിൽ സ്വർണ്ണം ഉപയോഗിക്കുന്ന രീതിക്ക് മാറ്റമൊന്നുമില്ല. സ്വർണ്ണ ഇലകൾ തൂവിയ റിസോട്ടോകളും കഴിക്കാവുന്ന സ്വർണ്ണത്തിന്റെ 8 പാളികളുള്ള ബർഗറുകളും മറ്റും ഇന്ന് അത്യാഢംബര ഹോട്ടലുകളിൽ ലഭ്യമാണ്. മദ്യത്തിലും സ്വർണ്ണം ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ? ഗോൾഡ്ഷ്ളാഗർ എന്നറിയപ്പെടുന്ന ഒരു വിശിഷ്ടമദ്യം ജർമ്മനിയിലുണ്ട് സ്വർണ്ണം ചേർത്താണ് ഇതുണ്ടാക്കുന്നത്. കിഴപ്പൻ യൂറോപ്പിൽ സ്വർണ്ണം തൂവിയ മദ്യം വിളമ്പുന്ന പതിവുണ്ട്.

എന്തായാലും, ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഉപയോഗം കൂടുതലായും കണ്ടുവരുന്നത് മധുരപലഹാരങ്ങളിലാണ്. എന്നാലും, ഭാവിയിൽ പാശ്ചാത്യ രാജ്യങ്ങളിലും യൂറോപ്പിലും കാണുന്നത് പോലെയുള്ള ട്രെൻഡുകൾ ഇന്ത്യയിലും പ്രചരിക്കാൻ സാധ്യതയുണ്ട്.