Published: 23 Apr 2019

തവണകളായി സ്വർണ്ണത്തിൽ നിക്ഷേപം നടത്തൽ

Gold Investment options in India

സ്വർണ്ണ സമ്പാദ്യ പദ്ധതികളുടെ രണ്ട് പ്രയോജനങ്ങൾ ഇവയാണ്: കീശയ്ക്ക് അനുയോജ്യമായ തരത്തിൽ ചെറിയ തുകകളിൽ നിങ്ങൾക്ക് നിക്ഷേപം നടത്താം, കൂടാതെ ഇത്തരം പദ്ധതികൾ ഏറെ സൗകര്യപ്രദവുമാണ്. രാജ്യത്ത് ഉടനീളമുള്ള പ്രധാന ജ്വല്ലറി സ്ഥാപനങ്ങളെല്ലാം ഇത്തരം പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ നിശ്ചിത കാലയളവിൽ ചെറുതോ വലുതോ ആയ തുകകൾ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് സ്വർണ്ണം കരസ്ഥമാക്കാം, ഇഎംഐ അടയ്ക്കുന്നതിന് സമാനമാണ് ഈ പദ്ധതികൾ. പദ്ധതിക്ക് അനുസരിച്ച് അടയ്ക്കേണ്ട തവണത്തുകയും കാലാവധിയും വ്യത്യാസപ്പെടും.

ഇതിന്റെ പ്രവർത്തന രീതി

  • ഇത്തരം മിക്ക പദ്ധതികളിലും, ജ്വല്ലറി സ്ഥാപനവുമൊത്ത് നിങ്ങളൊരു അക്കൗണ്ട് തുറക്കേണ്ടതുണ്ട്. തുടർന്ന്, ജ്വല്ലറി സ്ഥാപനം ലഭ്യമാക്കിയിട്ടുള്ള ഓപ്‌ഷനുകൾ പ്രകാരം, ഒരു നിശ്ചിത കാലയളവ് വേളയിൽ, ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് നിങ്ങൾക്ക് നിശ്ചിത തുക നിക്ഷേപിക്കാവുന്നതാണ്. കാലാവധി പൂർത്തിയായാൽ, നിങ്ങൾക്ക് ജ്വല്ലറി സ്ഥാപനത്തിൽ നിന്നൊരു ബോണസും ലഭിക്കും, പൊതുവെ ഒന്നോ രണ്ടോ മാസത്തെ തവണത്തുകയ്ക്ക് തുല്യമായിരിക്കും ഇങ്ങനെ ലഭിക്കുന്ന ബോണസ്. എന്നിരുന്നാലും, ജ്വല്ലറി സ്ഥാപനത്തിന്റെ സ്കീം അനുസരിച്ച്, ചില സാഹചര്യങ്ങളിൽ ബോണസ് തുക വ്യത്യസ്തമായേക്കാം. പദ്ധതി അവസാനിച്ച സമയത്തെ സ്വർണ്ണ വില അനുസരിച്ച്, നിങ്ങൾ നിക്ഷേപിച്ച തുകയ്ക്ക് (ജ്വല്ലറി സ്ഥാപനവുമായി നിങ്ങൾ തുറന്നിട്ടുള്ള അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുള്ള തുകയ്ക്ക്) തത്തുല്യമായ സ്വർണ്ണം നിങ്ങൾക്ക് വാങ്ങാവുന്നതാണ്. മൂല്യാധിഷ്ഠിത പേയ്‌മെന്റ് സംവിധാനം എന്നാണ് ഇത് അറിയപ്പെടുന്നത്.
  • ഇതേ സ്കീമിന്റെ മറ്റൊരു പതിപ്പ്, ഓരോ മാസവും ഒരു നിശ്ചിത അളവ് സ്വർണ്ണം നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു (ഓരോ മാസത്തെയും സ്വർണ്ണവില അനുസരിച്ചുള്ള അളവ് സ്വർണ്ണമായിരിക്കും നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുക). നിശ്ചിത കാലയളവിന്റെ അവസാനം, നിങ്ങൾ അതുവരെ ചേർത്തിട്ടുള്ള സ്വർണ്ണം, ആഭരണങ്ങളുടെയോ നാണയങ്ങളുടെയോ രൂപത്തിൽ, നിങ്ങൾക്ക് റിഡീം ചെയ്യാവുന്നതാണ്. ഭാരാധിഷ്ഠിത പേയ്‌മെന്റ് സംവിധാനം എന്നാണ് ഈ രീതി അറിയപ്പെടുന്നത്. വാസ്തവത്തിൽ, നിങ്ങളെ പണം ലാഭിക്കാൻ അനുവദിക്കുന്ന റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളെ പോലെയാണ് ഈ സ്കീമുകൾ പ്രവർത്തിക്കുന്നത്.

സമ്പാദ്യ പദ്ധതികളിലൂടെ സ്വർണ്ണം വാങ്ങുന്നതിന്റെ പ്രയോജനങ്ങൾ

  • കയ്യിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ നാം പലപ്പോഴും സ്വർണ്ണം പിന്നെ വാങ്ങാം എന്ന തീരുമാനം എടുക്കാറുണ്ട്. ഈ പദ്ധതികളിലൂടെയാണ് സ്വർണ്ണം വാങ്ങുന്നതെങ്കിൽ, ഒറ്റയടിക്ക് പണം അടക്കാതെ, നിശ്ചിത കാലയളവ് വേളയിൽ ചെറിയ തുകകളായാണ് നിങ്ങൾ പണമടയ്ക്കുന്നത്, ഇത് ഏറെ ആശ്വാസകരമാണ്.
  • സ്വർണ്ണ സമ്പാദ്യ പദ്ധതികൾക്ക് കീഴിൽ വാങ്ങപ്പെടുന്ന സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ ഗണ്യമായ ഡിസ്ക്കൗണ്ട് ജ്വല്ലറി സ്ഥാപനങ്ങൾ നൽകാറുണ്ട്.
  • ഇത്തരം മിക്ക പദ്ധതികളും നിങ്ങൾക്ക് പരിപാലന സേവനങ്ങളും നൽകുന്നു. അതിനാൽ, ഇത്തരം പദ്ധതികളിൽ നിങ്ങൾ പണം നിക്ഷേപിക്കുന്നുവെങ്കിൽ, ആഭരണത്തിന് ഈടുള്ള കാലം വരെ നിങ്ങൾക്ക് സൗജന്യ പരിപാലന സേവനവും തിരികെ വാങ്ങിക്കൊള്ളാമെന്ന ഉറപ്പും ഒരു നിശ്ചിത കാലയളവിലേക്ക് സൗജന്യ ഇൻഷൂറൻസും ലഭിച്ചേക്കാം.

നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇത്തരം പദ്ധതികൾക്ക് കീഴിൽ നിങ്ങൾക്ക് വാങ്ങാവുന്ന സ്വർണ്ണാഭരണളുടെ അളവുകളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഉദാഹരണത്തിന്, ചില പദ്ധതികളിൽ, വലുപ്പം മാറ്റൽ ആവശ്യമില്ലാത്ത സ്വർണ്ണാഭരണങ്ങൾ മാത്രമേ നിങ്ങൾക്ക് വാങ്ങാൻ കഴിയൂ. ജ്വല്ലറി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങളുടെ വിശദാംശങ്ങൾ ചോദിച്ചറിയുന്നുവെന്ന് ഉറപ്പാക്കുക.
  • കാലയളവ് കഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ടിൽ ഉള്ള തുക നിങ്ങൾക്ക് തിരികെ വാങ്ങാൻ കഴിയില്ല, ആ തുകയ്ക്കുള്ള സ്വർണ്ണാഭരണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക.

സ്വർണ്ണം ഒറ്റയടിക്ക് വാങ്ങുന്നതിന് നിങ്ങളുടെ ബജറ്റ് ചിലപ്പോൾ നിങ്ങളെ അനുവദിച്ചേക്കില്ല, എന്നാൽ ഈലേഖനത്തിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള സ്വർണ്ണ സമ്പാദ്യ പദ്ധതികളിൽ ചേരുകയാണെങ്കിൽ തവണകളിൽ ചെറിയ തുകകൾ നിക്ഷേപിച്ചുകൊണ്ട്, ഒരു നിശ്ചിത കാലയളവിൽ നിങ്ങൾക്ക് സ്വർണ്ണാഭരണ സ്വപ്നം സഫലീകരിക്കാവുന്നതാണ്. ലഭ്യമായ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയുകയാണ് ആദ്യം വേണ്ടത്. തുടർന്ന്, നിങ്ങൾക്ക് അനുയോജ്യമായ ഒരു പദ്ധതി തിരഞ്ഞെടുക്കുക, നിങ്ങൾ വാങ്ങാനാഗ്രഹിക്കുന്ന സ്വർണ്ണാഭരണത്തിനായി നിക്ഷേപിച്ച് തുടങ്ങുക.