Published: 09 Feb 2018

മുഗൾ ആഭരണ പ്രൗഢി പുനർജ്ജനിക്കുമ്പോൾ

2008-ലാണ് അശുതോഷ് ഗൗവാരിക്കറുടെ ചരിത്ര സിനിമയായ 'ജോധാ അക്‌ബർ' റിലീസ് ചെയ്യുന്നത്. വാണിജ്യ വിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടിയ സിനിമയായിരുന്നു ഇത്. സിനിമയിലെ നായികാനായകന്മാരായ ഹൃതിക് രോഷന്റെയും ഐശ്വര്യാ റായിയുടെയും അഭിനയ മികവിനെ എല്ലാവരും വാനോളം പുകഴ്ത്തി. സിനിമയുടെ സെറ്റ് അലങ്കാരങ്ങൾ മാധ്യമ ശ്രദ്ധ നേടി. വസ്ത്രാലങ്കാരം ചെയ്ത ടീമിന് മികച്ച കയ്യടിയും ലഭിച്ചു. വാസ്തവത്തിൽ, ഈ സിനിമ ഇന്ത്യയിലൊരു ഫാഷൻ ട്രെൻഡിന് തുടക്കം കുറിച്ചു. നായികാനായകന്മാർ സിനിമയിൽ അണിഞ്ഞ സ്വർണ്ണാഭരണങ്ങളിലും വിലപിടിപ്പുള്ള കല്ലുകൾ പതിച്ച ആഭരണങ്ങളിലും കാണികളുടെ കണ്ണുടക്കി. എങ്ങനെ കണ്ണുടക്കാതിരിക്കും?

അഞ്ച് നൂറ്റാണ്ട് മുമ്പ് ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറിയ ഭാഗവും ഭരിച്ചിരുന്നത് മുഗൾ സാ‌മ്രാജ്യമാണ്. വാസ്തുകല, വിവിധ തരം കലകൾ, ഭക്ഷണം, വസ്ത്രം, ആഭരണം എന്നിങ്ങനെ മുഗളന്മാരുടെ പ്രിയപ്പെട്ട വിഷയങ്ങൾ ഏറെയായിരുന്നു. മുഗൾ രാജകുടുംബത്തിന് കലാരൂപങ്ങളോടുള്ള ഇഷ്ടം സവിശേഷമായ ചിലതരം ആഭരണങ്ങൾ നിലവിൽ വരുന്നതിന് കാരണമായി. ഇന്ന് നാം "മുഗൾ ആഭരണങ്ങൾ" എന്ന് വിളിക്കുന്നതിന്റെ പ്രാഗ് രൂപങ്ങളായിരുന്നു അവ.

മുഗൾ സാ‌മ്രാജ്യത്തിന്റെ സമയത്ത് സ്വർണ്ണാഭരണ നിർമ്മാണ രംഗം തഴച്ചുവളർന്നതിൽ അത്ഭുതപ്പെടാനില്ല. ചക്രവർത്തിയും ചക്രവർത്തിനിമാരും മാത്രമല്ല, ഉയർന്ന ഉദ്യോഗസ്ഥരും രാജ സദസ്സിൽ ഉണ്ടായിരുന്നവരും കനമുള്ള കല്ലുകളും മുത്തുകളും കൊണ്ട് അലങ്കരിച്ച ആഭരണങ്ങൾ ധരിച്ചിരുന്നു. എല്ലാത്തിനും ഉപരി, അണിയുന്ന ആഭരണങ്ങളുടെ വൈപുല്യം ആ വ്യക്തിയുടെ സ്ഥാനമാനങ്ങൾ വിളിച്ചോതുന്നവയായിരുന്നു. പ്രധാനപ്പെട്ട കുടുംബങ്ങളെല്ലാം അത്യാകർഷങ്ങളായ സ്വർണ്ണാഭരണങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് നിർമ്മിക്കാൻ തുടങ്ങി.

ഇന്ത്യൻ ഡിസൈനിന്റെ സങ്കീർണ്ണതയും മധ്യേഷ്യൻ പ്രൗഢിയും ഒത്തുചേർന്ന ഡിസൈനുകളാണ് മുഗൾ ഭരണക്കാലത്ത് പ്രചുരപ്രചാരത്തിൽ ഉണ്ടായിരുന്നത്. കല്ലുകളുടെ ബാഹുല്യവും വിപുലമായ ഇനാമലിംഗുമാണ് മറ്റ് ആഭരണ ഡിസൈനുകളിൽ നിന്ന് മുഗൾ ആഭരണങ്ങൾ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. വലിയ പ്രെഷ്യസും സെമി-പ്രെഷ്യസുമായ കല്ലുകൾ സ്വർണ്ണാഭരണങ്ങളിൽ പരക്കെ ഉപയോഗിക്കാൻ തുടങ്ങി. പക്ഷികളും പൂക്കളും ഇതളുകളും ഒക്കെയാണ് ഇത്തരം ആഭരണങ്ങളിൽ വിപുലമായി ഉപയോഗിക്കപ്പെട്ടിരുന്ന പാറ്റേണുകൾ. മുഗൾ കരകൗശലവിദ്യയുടെ ഉന്നതി പ്രകടിപ്പിക്കുന്ന രണ്ട് ഡിസൈനുകളാണ് ഫിലിഗ്രിയും തേവയും.

മുഗൾ സാമ്രാജ്യത്തിന്റെ വീഴ്ചയ്ക്ക് ശേഷം, ഇത്തരം വിലപിടിപ്പുള്ള ആഭരണങ്ങൾ വിൽക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. കാലക്രമത്തിൽ, മുഗൾ ആഡംബര ആഭരണങ്ങൾ നാമാവശേഷമായി, ചുരുക്കം ചില ആഭരണങ്ങൾ മ്യൂസിയങ്ങളിൽ ഇടം പിടിച്ചു. അങ്ങനെ മുഗൾ ആഭരണങ്ങളെ ജനങ്ങൾ മറന്നു, അത്തരം ആഭരണങ്ങളുടെ സങ്കീർണ്ണതകൾ ചരിത്ര പുസ്തകങ്ങളിൽ മാത്രമായൊതുങ്ങി.

പക്ഷേ, സമീപകാലത്ത്, മുഗൾ ആഭരണ ഡിസൈനുകൾക്ക് പുതുജീവൻ കൈവന്നിരിക്കുന്നു. സ്ത്രീകൾക്കിടയിൽ അത്രയേറെ ജനപ്രീതിയാണ് ഇത്തരം ആഭരണങ്ങൾ നേടുന്നത്. മുഗൾ ഭരണ കാലത്ത് വിവാഹാവസരങ്ങളിൽ വധു അണിഞ്ഞിരുന്ന ആഭരണങ്ങളിൽ പക്ഷികളുടെ രൂപമുണ്ടായിരുന്നു. രാജകീയ ലുക്ക് പകരുന്നതിനാണ് പക്ഷി രൂപങ്ങളെ ഉപയോഗിച്ചിരുന്നത്. ഈ ട്രെൻഡ് ഇപ്പോൾ ഇന്ത്യയിൽ പ്രചാരം നേടിയിരിക്കുന്നു, വില അധികമാണെങ്കിലും ഇത്തരം ആഭരണങ്ങൾ വാങ്ങാൻ ആളുണ്ട്.

നിലവിൽ പ്രമുഖ സ്വർണ്ണാഭരണ സ്ഥാപനങ്ങളിലെല്ലാം മുഗൾ ആഭരണങ്ങൾ ലഭിക്കും. മോഡേൺ ലുക്കോട് കൂടിയാണ് മുഗൾ ആഭരണങ്ങൾ പുനർജ്ജനിച്ചിരിക്കുന്നത്. എന്നാൽ കല്ലുകളുടെ ബാഹുല്യവും ഇനാമലിംഗും ഇപ്പോഴും അതേപടി തുടരുന്നു. ഇന്ത്യൻ ആഭരണ നിർമ്മാണ ചരിത്രത്തിൽ പ്രമുഖമായ സ്ഥാനമാണ് മുഗൾ ആഭരണങ്ങൾക്കുള്ളത്.