Published: 31 Aug 2017

വിസ്‌മയിപ്പിക്കുന്ന സ്വർണ്ണ ഫെലിഗ്രി ആഭരണങ്ങൾ

ആകർഷകവും മനോഹരവുമായ ഡിസൈനുകൾ കൊണ്ട് ലോകം മുഴുവന്റെയും ശ്രദ്ധ ഏറ്റുവാങ്ങുന്നതാണ് ഇന്ത്യൻ സ്വർണ്ണാഭരണങ്ങൾ. സങ്കീർണ്ണവും അനിതരസൗന്ദര്യവുമുള്ള ഇന്ത്യൻ സ്വർണ്ണാഭരണ ആർട്ട് വർക്കുകൾക്ക് എപ്പോഴും നല്ല ഡിമാൻഡാണ്. ഇന്ത്യൻ പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ ലോകമെമ്പാടും വിറ്റുപോകുന്നു.

ഇറ്റലിയിൽ നിന്നും ഗ്രീസിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയെത്തിയ പരമ്പരാഗത സ്വർണ്ണാഭരണ ഡിസൈൻ ശൈലിയാണ് ഫെലിഗ്രി. ലാറ്റിനിൽ 'നൂല്' എന്നർത്ഥമുള്ള 'ഫിലും' എന്ന വാക്കിൽ നിന്നാണ് 'ഫിലിഗ്രി' എന്ന പദമുണ്ടായത്.

ഈ കലാരൂപം, ഇറ്റലിയിൽ നിന്നും ഗ്രീസിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിയതാണ്. മെസോപ്പട്ടോമിയയിലും ഗ്രീസിലുമാണ് ആദ്യമായി ഫിലിഗ്രി സൃഷ്ടിക്കപ്പെട്ടത്. മെസോപ്പട്ടോമിയയുടെ മുകൾ ഭാഗത്തെ മാർഡിൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മിദ്യാറ്റ് നഗരത്തിലെ സ്വർണ്ണപ്പണിക്കാരായിരുന്നു ഈ കലാശൈലിയുടെ പ്രയോക്താക്കൾ. ഈ മേഖലയിൽ 'ഫിലിഗ്രി' അറിയപ്പെടുന്നത് 'ടെൽകരി' എന്നാണ്. ക്രിസ്തുവിന് 2500 വർഷങ്ങൾക്ക് മുമ്പാണ് ഈ കലാരൂപം ഏഷ്യൻ ഭൂഖണ്ഡത്തിൽ ജനപ്രീതിയാർജ്ജിച്ചത്.

ഒരു ഫിലിഗ്രി സ്വർണ്ണാഭരണം നിർമ്മിക്കുന്നതിന്, ആദ്യം ഡിസൈനിന്റെ ഒരു ഉറച്ച അടിസ്ഥാനമാണ് സ്വർണ്ണപ്പണിക്കാർ നിർമ്മിക്കുന്നത്. സ്വർണ്ണത്തിന്റെ നൂലുകൾ പിരിച്ചുകൊണ്ടാണ് ഈ അടിസ്ഥാന ഡിസൈൻ രൂപപ്പെടുത്തുന്നത്. നൂൽ പിരിച്ചുണ്ടാക്കിയ വയർ, പിന്നീട്, പല ആകൃതികളായി മോൾഡ് ചെയ്യുന്നു, പലപ്പോഴും വൃത്താകൃതികളാണ് മോൾഡ് ചെയ്തെടുക്കുന്നത്. 'ഗ്രാനുലേഷൻ' എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ, മോൾഡ് ചെയ്തെടുത്ത ആകൃതി മോടി പിടിപ്പിക്കുന്നു. ഫിലിഗ്രി പാറ്റേണിലേക്ക് നിശ്ചിത അകലം വിട്ട് സ്വർണ്ണത്തിന്റെ ചെറിയ മണികൾ സോൾഡർ ചെയ്ത് പിടിപ്പിക്കുന്നതാണ് ഈ പ്രക്രിയ.

പുരാതന ഇന്ത്യയിൽ, ഫിലിഗ്രി കരകൗശല വിദഗ്ധർ, കസ്റ്റമർക്ക് ആവശ്യമുള്ള സ്വർണ്ണാഭരണം നിർമ്മിക്കുന്നതിന് കസ്റ്റമറുടെ വീട് സന്ദർശിക്കുകയായിരുന്നു പതിവ്. ഫിലിഗ്രി പണിക്കാരന് സ്വർണ്ണ നാണയങ്ങളോ മഞ്ഞലോഹത്തിന്റെ പരുക്കൽ പീസുകളോ നൽകുന്നു. ഇത് തൂക്കിനോക്കി, കൽക്കരിക്കനലിൽ ചൂടാക്കുകയാണ് ആദ്യ പടി. കസ്റ്റമറുടെ മുറ്റത്തോ വരാന്തയിലോ ഇരുന്നാണ് സ്വർണ്ണപ്പണിക്കാരൻ ഇത് ചെയ്യുക. സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ മാത്രമല്ല ഫിലിഗ്രി ശൈലി ഉപയോഗപ്പെടുത്തിയിരുന്നത്, ശുഭകരമായ മുഹൂർത്തങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള വിവിധ രൂപങ്ങൾ നിർമ്മിക്കാനും ഫിലിഗ്രി രീതി പ്രയോജനപ്പെടുത്തിയിരുന്നു.

ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതാണ് ഫിലിഗ്രി ഡിസൈൻ. ദേവീദേവന്മാരുടെ പ്രതിമകൾ, ക്ഷേത്രങ്ങളിലെ ലിഖിതങ്ങൾ, ചുറ്റുപാടുമുള്ള സസ്യലതാദികൾ എന്നിവയൊക്കെ ഫിലിഗ്രി കലാകാരന്മാർ പ്രമേയമാക്കി. രസകരമെന്ന് പറയട്ടെ, 'സ്പൈറൽ', 'ക്രീപ്പർ', 'കേൾ' എന്നിവ ഉൾപ്പെടെ, തൊണ്ണൂറിലധികം തരത്തിലുള്ള വയറുകളാണ് ഫിലിഗ്രി കരകൗശല വിദഗ്ധർ ഉപയോഗിച്ചിരുന്നത്. കലാസൃഷ്ടിയുടെ ഉപരിതലം മോടിപിടിപ്പിക്കുന്നതിനാണ് ഈ വയറുകൾ ഉപയോഗിക്കുന്നത്.

അജൗരെ ഡിസൈനിന് സമാനമാണ് ഫിലിഗ്രി ഡിസൈനുകൾ. എന്നാൽ ഇവ തമ്മിൽ വ്യത്യാസവുമുണ്ട്. ഫിലിഗ്രി രീതിയിൽ നിർമ്മാണപ്രക്രിയയിൽ തന്നെ കലാസൃഷ്ടിയിൽ ദ്വാരങ്ങൾ രൂപപ്പെടുത്തുന്നു. എന്നാൽ അജൗര രീതിയിൽ, നിർമ്മാണം കഴിഞ്ഞതിന് ശേഷം സുഷിരങ്ങൾ ആകൃതിയിൽ നിന്ന് വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

ആധുനിക കാലഘട്ടത്തിലും, ഫിലിഗ്രി ശൈലിയിൽ നിർമ്മിച്ച സങ്കീർണ്ണമായ സ്വർണ്ണാഭരണങ്ങൾക്ക് നല്ല ജനപ്രീതിയാണുള്ളത്. ഈയടുത്ത കാലത്ത്, 'എത്ത്നിക്' ശൈലിയിലുള്ള വസ്ത്രങ്ങൾക്കൊപ്പം ഉപയോഗിക്കുന്നത് പോലെത്തന്നെ, ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾക്കും വെസ്റ്റേൺ വസ്ത്രങ്ങൾക്കും ഒപ്പം ഫിലിഗ്രി സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം സംയോജനങ്ങൾ പുതുമയുള്ള 'ലുക്ക്' പകരുന്നുവെന്ന് അനുഭവസ്ഥർ പറയുന്നു.