Published: 04 Sep 2017

സ്വർണ്ണഖനനത്തിന്റെ ഭൂതവും ഭാവിയും

Technological advancements in Gold Mining

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജി.എസ്.ഐ) വെബ്സൈറ്റിൽ പറയുന്നത് റോമാക്കാരാണ് ആദ്യമായി സംഘടിതരീതിയിൽ സ്വർണ്ണഖനനവും പര്യവേക്ഷണവും നടത്തിയിരിക്കാൻ സാധ്യത എന്നാണ്. ബി.സി. എട്ടാം നൂറ്റാണ്ടോളം പഴക്കമുള്ള സ്വർണ്ണ നിർമ്മിതികൾ അതിനു തെളിവായി എടുത്തുകാട്ടുന്നു.

ഇന്ത്യയിൽ ഋഗ്വേദത്തിലും, മഹാഭാരതം, രാമായണം മുതലായ പുരാണേതിഹാസങ്ങളിലും സ്വർണ്ണത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നിരുന്നാലും സ്വർണ്ണഖനനം നടന്നതിന്റെ തെളിവ് എ.ഡി. 200ൽ കർണാടകയിലെ ഹട്ടി സ്വർണ്ണ ഖനിയാണ്. ജി.എസ്.ഐയുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ സ്വർണ്ണഖനന ചരിത്രമറിയാൻ വേണ്ടത്ര വസ്തുതകളും സ്ഥിതിവിവരകണക്കുകളും ലഭ്യമല്ല എന്നാണ്. അതിനാൽത്തന്നെ ഒരുപാട് വേണ്ടതും വേണ്ടാത്തതുമായ അന്വേഷണങ്ങളും പര്യവേക്ഷണങ്ങളും ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്നിട്ടുണ്ട്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിൽ നൂറ്റാണ്ടുകളായി സ്വർണ്ണം ദശലക്ഷക്കണക്കിന് ജനങ്ങളുടെ കുടുംബസമ്പാദ്യം വഹിക്കുന്ന പ്രഥമ മാധ്യമമായി വർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവാഹസീസണിൽ സ്വർണ്ണത്തിനുള്ള ഉയർന്ന ആവശ്യകത ആഗോള സ്വർണ്ണവിലയെത്തന്നെ സ്വാധീനിക്കാറുണ്ട്. സ്വർണ്ണം ഇറക്കുമതിയിൽ ലോകത്ത് രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ, വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് വർഷത്തിൽ വിദേശത്തു നിന്ന് ഈ ലോഹം വാങ്ങാനായി 30 ബില്ല്യൺ ഡോളറിലധികം ചിലവഴിക്കുന്നുണ്ടെന്നാണ്. അതായത്, അസംസ്കൃത എണ്ണ കഴിഞ്ഞാൽ ഏറ്റവുമധികം ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുവാണ് സ്വർണ്ണം. ഇത് ഇന്ത്യയെ ഏറെ വിണ്ടുവിചാരത്തിനു പ്രേരിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാനായി സർക്കാരിന്റെ ഖനി മന്ത്രാലയം 2017 ആദ്യപാദം മുതൽ ഉപഭൂഖണ്ഡത്തിലെ ഖനികളെ കണ്ടെത്താനും പുനരുജ്ജീവിപ്പിക്കാനുള്ള ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

കർണ്ണാടകയിലെ കൊളോണിയൽ കാലഘട്ടത്തിലെ സ്വർണ്ണഖനിക്കൂട്ടങ്ങളെ കണ്ടെത്താനുള്ള പര്യവേക്ഷണത്തിനായി ഇന്ത്യയുടെ മിനറൽ എക്സ്പ്ലൊറേഷൻ കോർപ്പറേഷൻ ലിമിറ്റഡിനെ മന്ത്രാലയം പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. പതിനഞ്ചുവർഷം മുമ്പ് അടച്ചുപൂട്ടിയ കൊളാർ ഗോൾഡ് ഫീൽഡ്സിൽ 2.1 ബില്ല്യൺ ഡോളർ വിലവരുന്ന സ്വർണ്ണനിക്ഷേപം അവശേഷിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

കൊളാർ ഖനികളുടെ പുനരുജ്ജീവനത്തിനായി പണം മുടക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഖനി മന്ത്രാലയം പറയുന്നത്. ദക്ഷിണമേഖലയിൽ ഇനിയുമേറെ സ്വർണ്ണഖനികൾ കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം കരുതുന്നു.

ഖനികളെ പുനരുദ്ധരിക്കാനും, അതിബൃഹത്തായ സാധ്യതകളുള്ള ഒരു വ്യവസായത്തിന് പുതുജീവൻ നൽകാനുമുള്ള സർക്കാരിന്റെ പ്രയ്തനങ്ങൾ തുടരുമ്പോൾ പുതിയതും ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി സ്വർണ്ണ നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശും കർണ്ണാടകയും പോലുള്ള സ്ഥലങ്ങളിൽ പര്യവേക്ഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പര്യവേഷണം നടത്താനും ഖനനം ചെയ്യാനുമുള്ള ലൈസൻസുകൾ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ്ണസഹകരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ലോകത്തിലെ വലിയ സ്വർണ്ണ ഉത്പാദക രാഷ്ട്രങ്ങളിലൊന്നാകാൻ സാധിക്കുമെന്ന് തീർച്ചയായും അനുമാനിക്കാം.