Published: 27 Sep 2017

അപ്രതീക്ഷിത സ്വർണ്ണം: ആസ്റ്റെറൊയ്ഡുകൾ

Extracting Gold From Asteroids

ഭൂമിയിൽനിന്ന് ഖനനം ചെയ്തെടുക്കാവുന്ന സ്വർണ്ണത്തിന്റെ അളവ് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ സ്വർണ്ണത്തിന്റെ ഭാവി ആശങ്കയിലാണ്. ഗോൾഡ്മാൻ സച്ചിന്റെ ആഗോള നിക്ഷേപക ഗവേഷണ സംഘത്തിന്റെ അഭിപ്രായത്തിൽ നിലവിലുള്ള ഉത്പാദന നിരക്കനുസരിച്ച് അടുത്ത 20 കൊല്ലത്തേക്കുള്ള സ്വർണ്ണമേ ഖനികളിൽ അവശേഷിക്കുന്നുള്ളൂ എന്നാണ്. കൂടാതെ സ്വർണ്ണഖനനം ഒരു ചെലവേറിയ ഏർപ്പാടായി മാറിക്കൊണ്ടിരിക്കുകയാണ്. ഖനികളിലും മണ്ണിലും ലോഹസാന്ദ്രത കുറവായതാണ് ഇതിനു കാരണം.

സ്വർണ്ണം നമ്മുടെ ജീവിതവുമായി വളരെയേറെ കൂട്ടുപിണഞ്ഞുകിടക്കുന്നു. നാമത് നമ്മുടെ പല്ലുകളെ സംരക്ഷിക്കാൻ ദന്തചികിത്സയിലും നമ്മെ അലങ്കരിക്കുന്ന ആഭരണങ്ങളിലും ഉപയോഗിക്കുന്നു. മാത്രമല്ല നമ്മുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും സ്വർണ്ണം അടങ്ങിയിരിക്കുന്നു. സ്വർണ്ണം തീർന്നുപോകുന്ന അവസ്ഥ ഈ ഭൂഖണ്ഡത്തിലെ നിരവധി വ്യവസായങ്ങളെ സാരമായി ബാധിക്കും. അത് ആലോചിക്കാൻ കൂടി വയ്യാത്ത സ്ഥിതിയാണ്. അതിനാലാണ്, ശാസ്ത്രജ്ഞരും എൻജിനീയർമാരും ജിയോളജിസ്റ്റികളും ഒത്തുചേർന്ന് സ്വർണ്ണത്തിന്റെ ഇതരസ്രോതസ്സുകളെക്കുറിച്ച് ആരായുന്നത്. അവരിൽ ചിലർ ആകാശത്തേക്ക് നോക്കാൻ തുടങ്ങിയിരിക്കുന്നു.

സൂര്യനും ചുറ്റും കറങ്ങുന്ന ചെറിയ പാറപോലുള്ള വസ്തുക്കളാണ് ആസ്റ്റെറൊയ്ഡുകൾ. അവ ഗ്രഹങ്ങളേക്കാൾ വളരെ ചെറുതും വ്യത്യസ്തരൂപങ്ങളിലുള്ളവയും ആണ്. ചില ആസ്റ്റെറൊയ്ഡുകൾ പൊങ്ങിക്കിടക്കുന്ന സ്വർണ്ണഖനികളുമാകാം എന്നാണ് കണ്ടെത്തൽ. 1998ൽ നാസയുടെ നിയർ (നിയർ എർത്ത് ആസ്റ്റെറൊയ്ഡ് റാൻഡിവൂ) പേടകം ഇറോസ് എന്നു പേരിട്ട ഒരു ആസ്റ്റെറൊയ്ഡിനെ കടന്നുപോകുകയുണ്ടായി. ക്രമരഹിതരൂപത്തിലുള്ള ഇറോസിന് 33 കി.മി X 13 കി.മി X 13 കി.മി വലിപ്പമുണ്ട്. പഠനങ്ങൾ പറയുന്നത് ഇറോസിൽ ഏതാണ്ട് 20,000 ബില്ല്യൺ ഡോളർ വിലവരുന്ന അപൂർവ്വലോഹങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ്. ഇതിൽ സ്വർണ്ണത്തിനുപുറമെ പ്ലാറ്റിനം, സിങ്ക്, അലുമിനിയം, വെള്ളി തുടങ്ങിയവയും പെടും.

തങ്ങൾ ഭൂമിയിൽ കണ്ടെത്തി പരിശോധന നടത്തിയ പാറപോലുള്ള ഉൽക്കകളുമായി എന്തെങ്കിലും സാമ്യം ഇറോസിനുണ്ടെങ്കിൽ, ഈ ആസ്റ്റെറൊയ്ഡിന്റെ കുറഞ്ഞത് മൂന്നു ശതമാനം ഭാഗത്തെങ്കിലും ലോഹങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് നാസയുടെ അനുമാനം. ഇറോസിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന് 1000 ബില്ല്യൺ ഡോളർ വിലവരുമെന്നാണ് കണക്കാക്കുന്നത്. അത്രയധികം സ്വർണ്ണം മാർക്കറ്റിലെത്തിയാൽ ഉണ്ടാകാൻ പോകുന്നതെന്തെന്ന് നമുക്ക് ഊഹിക്കാനെ കഴിയൂ. എന്നാൽ ഇപ്പോഴും നാസയെ കുഴയ്ക്കുന്ന പ്രശ്നം എങ്ങാനും ഇറോസിൽ ഖനനം തുടങ്ങിയാൽ അവിടെനിന്ന് ലഭിക്കുന്ന അപൂർവ്വലോഹങ്ങളെ എങ്ങനെ ഭൂമിയിലെത്തിക്കും എന്നതാണ്.